ഷൈന്‍ ടോം ചാക്കോ വിവാദം: നിര്‍ണായക യോഗങ്ങള്‍ കൊച്ചിയില്‍
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങാതെ തുടരുന്നതിനിടെ, ഇന്ന് കൊച്ചിയില്‍ സുപ്രധാന യോഗങ്ങള്‍ ചേരുന്നു. സൂത്രവാക്യം സിനിമയുടെ ഇന്റേണല്‍ കമ്മിറ്റിയുടെയും ഫിലിം ചേംബറിന്റെയും യോഗങ്ങളാണ് ഇന്ന് നടക്കുന്നത്. ചലച്ചിത്ര സംഘടനകളുടെ നിലപാടിന് നിർണ്ണായകമായ തീരുമാനങ്ങള്‍ ഇന്നത്തെ യോഗങ്ങളില്‍ ഉണ്ടാകുമെന്നാണ് സൂചന. നടിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇന്റേണല്‍ കമ്മിറ്റിയുടെ നാല് അംഗങ്ങള്‍ ചേർന്നുള്ള യോഗം നടക്കും. നടി വിന്‍സി നേരിട്ട ദുരനുഭവത്തെ അടിസ്ഥാനമാക്കി ഐസി എടുക്കുന്ന നിലപാടുകൾ അത് നടപ്പാക്കാന്‍ ബാധ്യസ്ഥരാണ് സിനിമ സംഘടനകള്‍. ഫിലിം ചേംബറിന്റെ യോഗം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ചേരും. ഐസി യോഗത്തില്‍ ഉയര്‍ന്നവന്ന നിഗമനങ്ങള്‍ ചേംബറിലേയും സംഘടനകളിലേയും മുന്നില്‍ ചര്‍ച്ച ചെയ്യപ്പെടും. അമ്മയും ഫെഫ്കയുമടക്കമുള്ള സംഘടനകളെ ചേംബര്‍ നടപടികളെക്കുറിച്ച് അറിയിക്കും. ഇതിനിടെ, വിന്‍സി ഉന്നയിച്ച പരാതിയില്‍ ഷൈന്‍ ടോം ചാക്കോ, അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് ഇതുവരെ വിശദീകരണം നല്‍കിയില്ല. വിഷയത്തില്‍ അമ്മ രൂപീകരിച്ച മൂന്നംഗ സമിതി മുന്‍പാകെ വിശദീകരണം നല്‍കാന്‍ ഷൈനിനു നല്‍കിയ സമയം അവസാനിച്ചു. ഷൈനിന്റെ അച്ഛന്‍ മാത്രമാണ് അമ്മ പ്രതിനിധികളുമായി സംസാരിച്ചത്. ഷൈന്‍ മറുപടി നല്‍കാത്ത കാര്യം മൂന്നംഗ സമിതി അഡ്‌ഹോക്ക് കമ്മറ്റി മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യും. എല്ലാ യോഗങ്ങളും പരിഗണിച്ച് സംഘടനാ നിലപാട് ഉടൻ പുറത്ത് വരും. അതേസമയം, ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതികളായ തസ്ലീമ സുല്‍ത്താന, ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി, സഹായിയായ ഫിറോസ് എന്നിവരെ എക്‌സൈസ് ഇന്ന് മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങും. ഇവരെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത ശേഷമേ തുടർന്ന് തെളിവെടുപ്പ് നടക്കൂ. കൊച്ചിയില്‍ ലഹരി കേസില്‍ പിടിയിലായ ഷൈന്‍ ടോം ചാക്കോയ്ക്കും തസ്ലീമയ്ക്കുമിടയില്‍ ബന്ധമുണ്ടെന്ന് ചില മൊഴികള്‍ ലഭിച്ചതോടെ, അതിലും എക്‌സൈസ് വ്യക്തത വരുത്താനാണ് ശ്രമം. ഇതിനോടകം 25ലധികം പേരെയാണ് കേസുമായി ബന്ധപ്പെട്ട് എക്‌സൈസ് ചോദ്യം ചെയ്തിരിക്കുന്നത്.